ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

യാത്രക്കാരനെ ട്രെയിനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പൊലീസ് ബൂട്ടിട്ട് യാത്രക്കാരനെ ചവിട്ടുന്നതും വലിച്ചിഴച്ച് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എ.എസ്.ഐ പ്രമോദ് രംഗത്തെത്തി.

അതേ സമയം സംഭവത്തില്‍ ടിടിഇ കുഞ്ഞഹമ്മദ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായും ട്രെയിനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.