ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ കൽപ്പറ്റ ഓഫീസിൽ നാശം വരുത്തി എന്ന പരാതിയിലാണ് കേസ്. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഓഫീസിന് ഷട്ടര്‍ ഇടണമെന്നും ജോലി ചെയ്യുന്നവര്‍ പുറത്ത് പോകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
കല്‍പ്പറ്റ നഗരത്തില്‍ ഇറങ്ങാന്‍ ടി സിദ്ദിഖിനെ അനുവദിക്കില്ലെന്ന് ഭിഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നഗരത്തിലുടെ നടന്ന് പ്രതിഷേധം അറിയിച്ചത്. മാര്‍ച്ച് നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ ഭീഷണിയും ധിക്കാരവും വിലപ്പോകില്ലെന്നും എംഎൽഎ പറഞ്ഞു. അതേസമയം,മാര്‍ച്ചിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ടി സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിൽ ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിൽ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.







