തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു

തൊടുപുഴ കരിമണ്ണൂരില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു. കരിമണ്ണൂരിലെ വീട്ടില്‍ വെച്ചാണ് സംഭവം. പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. യുവതി മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ക്ക് മനസ്സിലായി. കുഞ്ഞിനെ കുറിച്ച് അവരോട് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം യുവതി നല്‍കിയില്ല.

പിന്നീട് പൊലീസിനെ വിവരം അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതിയും ഭര്‍ത്താവും സമ്മതിച്ചു. ശേഷം പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.