ഗൂഢാലോചന മോര്‍ച്ചറി പരിസരത്ത്; ശ്രീനിവാസന്‍ വധത്തില്‍ പ്രതികളുടെ മൊഴി പുറത്ത്

മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ സമയം നീണ്ട ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം.

സുബൈര്‍ കൊലപ്പെട്ട പതിനഞ്ചിന് രാത്രിയിലായിരുന്നു ആസൂത്രണം. അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു. അടുത്തദിവസം അതായത് ശ്രീനിവാസന്റെ കൊലപാതകമുണ്ടായ പതിനാറിന് രാവിലെ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങിയ സമയം വീണ്ടും ഒത്തുചേര്‍ന്ന് അന്തിമ രൂപമുണ്ടാക്കി.

പിന്നീട് ഇരുചക്രവാഹനങ്ങളിലായി എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രധാനപ്പെട്ട നാല് ബിജെപി, ആര്‍എസ്എസ് നേതാക്കളെ അന്വേഷിച്ച് വീടുകള്‍ക്ക് പരിസരത്ത് കൊലയാളികള്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയവര്‍ കൃത്യം നടത്തി മടങ്ങുമ്പോള്‍ ചിലര്‍ സമീപത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. അക്രമി സംഘത്തെ ആരെങ്കിലും തടയുകയോ പ്രത്യാക്രമണമോ ഉണ്ടായാല്‍ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

കൊലയ്ക്ക് ശേഷം പ്രതികള്‍ വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെട്ടു. പിന്നാലെ കൊലയാളികളില്‍ ചിലര്‍ ജില്ല ആശുപത്രിയിലുെമത്തിയിരുന്നു.