കൊച്ചിയില്‍ ലഹരി കൈമാറി മടങ്ങും; യുവതി ഒരു കിലോഗ്രാം എംഡിഎംഎയുമായി അറസ്റ്റില്‍

എറണാകുളം ആലുവയില്‍ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു സ്വദേശിയായ മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറാണ് ആലുവയില്‍ അറസ്റ്റിലായത്. ആലുവ പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ എസ്പി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു യുവതിയില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎ. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം വില വരുന്ന ഒരു കിലോ എംഡിഎംഎ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നെത്തിക്കുന്ന ലഹരി ട്രെയിനില്‍ കൊച്ചിയിലെത്തിച്ച് പിറ്റേ ദിവസം തന്നെ തിരികെ പോകുന്നതാണ് സര്‍മീന്‍ അക്തറുടെ പതിവ് രീതി.

ജില്ലയിലെ യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരിക്കച്ചവടം നടത്തുന്നത്. പിടിയിലായ യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി അനില്‍, ആലുവ ഡിവൈഎസ്പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.