ഇ.പിയുടെ പ്രസ്താവന അനവസരത്തില്‍, ജാഗ്രത വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശം

മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പ്രസ്താവനകലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കി.

എല്‍ഡിഎഫ് വിപുലീകരണം ലക്ഷ്യമില്ല. ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ലന്നാണ് സിപിഎം നിലപാട്. മറ്റ് പാര്‍ട്ടികളില്‍ ഉള്ള നേതാക്കളേയും അണികളേയും മുന്നണിയിലെത്തിച്ച് അടിത്തറ വിപുലീകരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

അതേസമയം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ ഇന്നും രംഗത്ത് വന്നിരുന്നു. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ എത്തിയതും, തുടര്‍ഭരണം നേടിയതും. മുന്നണി നയത്തില്‍ ആകൃഷ്ടരായി നിരവധി പേര്‍ വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ വ്യക്തികളും, ഗ്രൂപ്പുകളും ഉണ്ടെന്നും, എല്‍ഡിഎഫ് വിപുലീകരിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

വര്‍ഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണെന്നും, ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ജയരാജന്‍ പറഞ്ഞു.=