ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും

കണ്ണൂർ ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ആദിവാസികളായ ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് മരിച്ചത്.

ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും. അതേസമയം ആറളത്തുണ്ടായത് അസാധാരണ സംഭവമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. അതുകൊണ്ട് ജനങ്ങളിൽ നിന്ന് അസാധാരണ പ്രതികരണമുണ്ടാകും. ആറളത്ത് സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയും കർമപരിപാടികൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാല തമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം വേഗത്തിൽ നടത്താൻ ഡിഎംഒക്ക് നിർദേശം നൽകി.

Read more