ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ആശുപത്രി മാറ്റം ഉടനുണ്ടാകില്ല

ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചു. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘമാണ് ഉമ്മന്‍ചാണ്ടിയെ പരിചരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ സംഘവുമുണ്ട്.

അതേസമയം ഉമ്മന്‍ ചാണ്ടിയെ ആശുപത്രി മാറ്റുന്നത് ഉടനില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തുടര്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയില്‍ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂര്‍ണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. മെഡിക്കല്‍ സംഘം തമ്മില്‍ കൂടിയാലോചിച്ച ശേഷം ബന്ധുക്കളോട് കൂടി അഭിപ്രായം തേടിയെ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

തിങ്കളാഴ്ച വൈകിട്ടാണ് ന്യുമോണിയയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ നില തൃപ്തികരണമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.