വിഴിഞ്ഞം തുറമുഖ ഉദ്ഘാടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷയിലുണ്ടായ പിഴവില്‍ പ്രതികരിച്ച് പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍. നരേന്ദ്ര മോദി പറഞ്ഞ വാക്യങ്ങള്‍ തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാത്തതാണ് പിഴവിന് കാരണമായതെന്ന് പള്ളിപ്പുറം ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷങ്ങളായി താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നു. വന്ദേ ഭാരത് ഉദ്ഘാടന സമയത്തും താനാണ് പരിഭാഷ ചെയ്തിരുന്നത്. താനൊരു ഹിന്ദി അധ്യാപകനാണ്. പരിഭാഷാരംഗത്ത് വര്‍ഷങ്ങളുടെ പരിചയമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നുവെന്നും ജയകുമാര്‍ അറിയിച്ചു.
പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്നും ഓഫീസില്‍നിന്ന് വിവരം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതാണ് പിഴവിന് കാരണമായതെന്നും ജയകുമാര്‍ വ്യക്തമാക്കി. താന്‍ ഒരു ബിജെപി അനുഭാവിയാണെന്നും മോദിയുടെ ആരാധകനാണെന്നും ജയകുമാര്‍ അറിയിച്ചു.
Read more
തന്നെ പരിഭാഷയ്ക്കായി നിയോഗിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല. തനിക്ക് തെറ്റുപറ്റിയത് പ്രധാനമന്ത്രിയ്ക്ക് മനസ്സിലായി. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങുകയായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞു.







