അനധികൃത ക്വാറി ഖനനം നടത്തിയ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയില്‍ ഖനനം നടത്തിയതിനാണ് കോഴിക്കോട് ജില്ല ജിയോളജിസ്റ്റ് പിഴ ചുമത്തിയത്. 23,53,013 രൂപയാണ് പിഴ. ഏപ്രില്‍ 30നകം പിഴയൊടുക്കണം എന്നാണ് ജിയോളജി വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയിലാണ് അനധികൃത ഖനനം നടത്തിയത്. ക്വാറിക്ക് അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോള്‍ ഇഞ്ചനാനി, ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് വികാരി ഫാദര്‍ മാത്യു തെക്കെടിയില്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.
2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ക്വാറിയില്‍ നിന്ന് 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതായി കണ്ടെത്തിയിരുന്നു. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്. ഇതിന്റെ 23,48,013 രൂപ പിഴയും, 5000 രൂപ കോമ്പൗണ്ടിങ് ഉള്‍പ്പടെയാണ് മൊത്തം പിഴത്തുക ഈടാക്കുന്നത്.
Read more
എന്നാല്‍ പളളിയുടെയും പളളിയുടെ കീഴിലുളള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായി മാത്രമാണ് കല്ല് ഉപയോഗിച്ചതെന്നാണ് പളളി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.