കുവൈത്തിൽ വിവാഹം കഴിക്കണമെങ്കിൽ നിങ്ങൾ ഈ രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം; ഇനി മുതൽ പുതിയ നിയമം

കുവൈത്തിൽ സുരക്ഷിതമല്ലാത്ത വിവാഹത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുതിയ ഉത്തരവ്. കുവൈത്തിൽ ഇനി മുതൽ വിവാഹം കഴിക്കണമെങ്കിൽ നിങ്ങൾ ഈ രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുവൈത്ത് സമൂഹത്തിൽ ജനിതക, പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്.

കുവൈത്തിൽ വിവാഹത്തിന് മുമ്പ് മെഡിക്കൽ പരിശോധന സംബന്ധിച്ച 2008 ലെ 31-ാം നമ്പർ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2025 ലെ മന്ത്രിതല പ്രമേയം നമ്പർ 23 പ്രകാരം ഇനി മുതൽ സുരക്ഷിതമല്ലാത്ത വിവാഹത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

രണ്ട് കക്ഷികളും സ്വദേശികളാണോ വിദേശികളാണോ എന്ന് നോക്കാതെ, കുവൈത്തിലെ എല്ലാ വിവാഹ കരാറുകളും കവർ ചെയ്യുന്നതിനായി മെഡിക്കൽ പരിശോധനകൾ വിപുലീകരിക്കുന്നതാണ് പുതിയ ചട്ടങ്ങളിലെ ഒരു പ്രധാന ഭേദഗതി. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹപൂർവ മെഡിക്കൽ പരിശോധനകൾക്കായുള്ള ചില അഭ്യർത്ഥനകളും നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സഹൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ “കുവൈത്ത് ഹെൽത്ത്” എന്നിവയിലൂടെ സാധിക്കും.

ഇത് പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വിവാഹപൂർവ മെഡിക്കൽ പരിശോധനാ കേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. ഇത് അവർ അക്വയർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS ), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, തലസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ പാരമ്പര്യ രക്ത രോഗങ്ങൾ എന്നിവയിൽ നിന്ന് മുക്തരാണെന്ന് തെളിയിക്കണം. പൊതുജന താൽപ്പര്യം ആവശ്യപ്പെടുന്നതനുസരിച്ച് മറ്റ് ഏതെങ്കിലും രോഗങ്ങൾ ചേർക്കാൻ ആരോഗ്യ മന്ത്രിക്ക് ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിക്കണം.

Read more