ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം ലംഘിക്കേണ്ടിവരും, തൃശ്ശൂര്‍ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കും: വെല്ലുവിളിയുമായി വത്സന്‍ തില്ലങ്കേരി

ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. തൃശ്ശൂര്‍ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കുമെന്നും ശബരിമല പ്രക്ഷോഭങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയത് ആരെന്നായിരുന്നു രണ്ടു മാസം ചര്‍ച്ച. തിമിംഗലത്തിന് മുകളില്‍ എഴുന്നുള്ളിപ്പ് നടത്തുമോ എന്ന് കോടതി ചോദിച്ചത് മതവികാരത്തെ വ്രണപ്പെടുത്തലാണ്. ഇത്തരം ചോദ്യങ്ങള്‍ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. ആവലാതികള്‍ പറയാന്‍ വരേണ്ട എന്നു പറഞ്ഞ് കോടതികള്‍ ഒരു വിഭാഗത്തെ ചവിട്ടി പുറത്താക്കുന്നു.

സനാതന ധര്‍മ്മത്തെ തകര്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ പിന്തുണയോടെയാണ് നിലവിലെ നീക്കങ്ങള്‍ നടക്കുന്നത്. ഏത് വിധി വന്നാലും തൃശ്ശൂര്‍ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കും. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്താല്‍ നിരവധി ജയിലുകള്‍ പണിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.