'സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലും, വേട്ടക്കാരെ ഇറക്കും, തിരുനെറ്റിക്ക് വെടിവെയ്ക്കുന്നവരുണ്ട്'; വിവാദ പരാമര്‍ശവുമായി സി.പി മാത്യു

ഇടുക്കി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലും. തിരുനെറ്റിക്ക് വെടിവെക്കുന്നവര്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരും. കാട്ടാനകളെ പിടികൂടാന്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സി.പി മാത്യു പറഞ്ഞു.

ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും.തിങ്കളാഴ്ച്ച മൂന്നാര്‍ ഡി എഫ് ഒ ഓഫീസില്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട് RRT റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്.

കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതല്‍ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോള്‍ ആനകളെ നിരീക്ഷിക്കുന്ന വാച്ചര്‍മാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും.

ആനകളെ മയക്കുവെടി വയ്‌ക്കേണ്ട സ്ഥലം, കുങ്കിയാനകള്‍, വാഹനങ്ങള്‍ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.