'കള്ളമെങ്കിൽ കേസ് കൊടുക്കൂ'; ശബ്ദരേഖ തെറ്റെന്ന് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ. ആര്‍.പി നേതാവ് പ്രസീത അഴീക്കോട്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. പണം കൈമാറുന്നതിന് മുമ്പ് സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. സുരേന്ദ്രനില്‍ നിന്ന് സി.കെ. ജാനു പണം വാങ്ങിയെന്ന കാര്യം അവര്‍ തന്നോട് സമ്മതിച്ചിരുന്നതായും മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലില്‍ വെച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണെന്നും പ്രസീത കണ്ണൂരിൽ വ്യക്തമാക്കി.

കാട്ടിക്കുളത്തും കല്‍പ്പറ്റയിലും സി.കെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച് എന്താണ് ചെയ്‌തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ജാനുവിന് ഇടപാടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ജാനുവിനെ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും പ്രസീത പറഞ്ഞു. നിരോധിത സംഘടനകള്‍ ഏതൊക്കെയാണെന്ന് പറയാൻ പ്രസീത തയ്യാറായില്ല.

കെ സുരേന്ദ്രനെതിരെ കള്ള പ്രചാരണം ആണ് താൻ നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. ഒരു എഡിറ്റിംഗും ശബ്ദരേഖയിൽ നടത്തിയിട്ടില്ല. സി.കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറ‍ഞ്ഞു.

Read more

സി.കെ. ജാനുവിനെ എൻ.ഡി.എയിലേക്ക് എത്തിക്കാൻ പത്ത് ലക്ഷം രൂപ നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു. ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേര്‍ക്കാനും ഇന്നത്തെക്കാലത്ത് ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു. ബി.ജെ.പിയെ ആക്ഷേപിച്ചോളു എന്നാൽ സി.കെ ജാനുവിനെ ആക്ഷേപിക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.