അമിത് ഷായുടെ മകനെ പത്ത് മിനിറ്റ് ചോദ്യം ചെയ്താല്‍ ജയിലിലിടാനുള്ള വകുപ്പ് ലഭിക്കും; രാഹുല്‍ ഗാന്ധിയെ ഒരു ചുക്കും ചെയ്യനാകില്ലെന്ന് പത്മജ വേണുഗോപാല്‍

അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താല്‍ ജയിലില്‍ അടയ്ക്കാനുള്ള വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിക്കുമെന്ന് പത്മജ വേണുഗോപാല്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിസ്റ്റര്‍ ക്ലീന്‍ ആയ രാഹുല്‍ ഗാന്ധിയെ 4 ദിവസമായി ചോദ്യം ചെയ്യുകയാണ് എന്നിട്ടും ഇ ഡിക്ക് ഒരു കൃത്രിമവും കാണാന്‍ കഴിയുന്നില്ലെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് പത്മജയുടെ പ്രതികരണം.രാഹുല്‍ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താല്‍ ജയിലില്‍ അടയ്ക്കാനുള്ള വകുപ്പ് ED ക്ക് ലഭിക്കും.. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിസ്റ്റര്‍ ക്ലീന്‍ ആയ രാഹുല്‍ ഗാന്ധിയെ 4ദിവസം ആയി ചോദ്യം ചെയ്തിട്ടും ED ക്ക് ഒരു കൃത്രിമവും കാണാന്‍ കഴിയുന്നില്ല.. 5ആം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുന്നു.. രാഹുല്‍ ഗാന്ധിയെ ED ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല..

നാഷണല്‍ ഹെറാള്‍ഡ് എന്ന കോണ്‍ഗ്രസിന്റെ ജിഹ്വ ആയ മുഖപത്രം സാമ്പത്തികമായി തകര്‍ച്ചയെ നേരിട്ടപ്പോള്‍ അതിന്റ തുടര്‍ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു… കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും ഇതില്‍ പരാതിയില്ല, പരാതിക്കാരന്‍ BJP ക്കാരന്‍ ആയ സുബ്രമണ്യം സ്വാമി… സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ കമ്പനി ‘നോട്ട് ഫോര്‍ പ്രോഫിറ്റ് ‘ (Not for Profit )വിഭാഗം ആയ കമ്പനി ആണ്… അതായത് ഈ കമ്പനി ഉടമകള്‍ക്ക് ഇതില്‍ നിന്ന് ലാഭം എടുക്കാന്‍ കഴിയില്ല, ഇവര്‍ക്ക് ഇത് വില്‍ക്കാനും കഴിയില്ല എന്നതാണ് നിയമം…ചുരുക്കി പറഞ്ഞാല്‍ സോണിയയും രാഹുലും പാര്‍ട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു.. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതി ചില സാങ്കേതിക നിയമ പ്രശ്‌നങ്ങളുടെ പേരില്‍ മാത്രം ആണ്…

ആ പരാതിയില്‍ കഴമ്പില്ല എന്നു കണ്ട് 2016 ല്‍ ED സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കി…
ഇപ്പോള്‍ വീണ്ടും ഈ കേസ് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മോദി ഗവണ്‍മെന്റ് ആയുധമാക്കുന്നു… കാരണം മോദിയുടെ ദുര്‍ഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപി യും ഭയപ്പെടുന്നു…. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഉള്ള നരേന്ദ്രമോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി നേരിടും…