ചരിത്രത്തില്‍ ഇടുക്കി ഡാം തുറന്നത് അഞ്ച് തവണ; നാല് തവണയും തുറന്നത് ഒക്ടോബറില്‍

മഴ കനത്തതോടെ ഇടുക്കി ഡാം വീണ്ടു തുറന്നിരിക്കുന്നു. ഇത് അഞ്ചാം തവണയാണ് ഡാമിന്റെ ചരിത്രത്തില്‍ തന്നെ ഷട്ടറുകള്‍ തുറന്നത്. ഇതില്‍ നാലു തവണയും ഓക്ടോബറിലാണെന്നത് മറ്റൊരു പ്രത്യേകത. 1981 ഒക്ടോബര്‍ 21നാണ് ആദ്യമായി ഡാം തുറക്കുന്നത്. പിന്നീട് 1992 ഒക്ടോബര്‍ 12നും, 2018 ഓഗസ്റ്റ് 9നും, 2018 ഒക്ടോബര്‍ 6നുമാണ് ഇതിനുമുമ്പ് ഡാം തുറന്നത്. അഞ്ചാമതായി ഒക്ടോബര്‍ 19നും ഡാം ഇന്ന് തുറന്നിരിക്കുകയാണ്.

1981ല്‍ 11 ദിവസമാണു ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ല്‍ 13 ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകള്‍ സെപ്റ്റംബര്‍ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് 2018 ഒക്ടോബര്‍ 6 ന് ഡാം വീണ്ടും തുറന്നത്. തൊട്ടടുത്ത ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് പിന്‍വലിച്ചതോടെ അണക്കെട്ട് അടച്ചു.

26 വര്‍ഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റില്‍ ചെറുതോണി ഡാം തുറന്നത്. പെരിയാര്‍ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബര്‍ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ മാത്രം തുറന്നു. ചെറുതോണിപ്പുഴയില്‍ അന്ന് വെള്ളം ഉയര്‍ന്നത് ഒരടിയോളം മാത്രം.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച് ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മര്‍ദ്ദം ഇരുഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. കമാന ആകൃതിയില്‍, ചുവട്ടില്‍നിന്ന് ഉള്ളിലേക്കാണ് വളവ്. കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. ഇടുക്കി തടാകത്തെ തടഞ്ഞു നിര്‍ത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതില്‍ വെള്ളം പുറത്തേക്കു വിടാന്‍ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രമാണ്.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ലാ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. ലോവര്‍പെരിയാര്‍ ഇപ്പോള്‍ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താന്‍കെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലപ്രവാഹമുണ്ടായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാന്‍ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ച്ചേരും. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. ചെറുതോണിയുടെ നാല് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സാധാരണയായി 1015 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയര്‍ത്തുക. മുഴുവന്‍ ഷട്ടറുകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

ഡാമുകള്‍ തുറക്കുന്നതോടെ പെരിയാറിന്റേയും, മൂവാറ്റുപുഴയാറിനും തീരത്തുള്ള അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴയോരത്തുള്ളവര്‍ക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശമുണ്ട്.