ഇടുക്കി- ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും, അതീവ ജാഗ്രതാനിര്‍ദ്ദേശം

ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാലാണ് ഈ നടപടി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം.2, 3, 4 എന്നിവ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

ഇടുക്കി-ചെറുതോണി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തില്‍ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റിത്തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെന്റീമീറ്റര്‍ കൂടി.

150 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോള്‍ 79 വീടുകളില്‍ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല.