അനധികൃത ട്രക്കിംഗ് നിരോധിച്ച് ഇടുക്കി

മലപ്പുറം കുറുമ്പാച്ചി മലയിടുക്കില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇടുക്കി ജില്ലയില്‍ അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. വെളളിയാഴ്ച മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയിലെമ്പാടുമുള്ള വിവിധ സംരക്ഷിത വനമേഖലകളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ ട്രക്കിംഗ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെ അപകടകരമായ വിധത്തിലുളള ഓഫ് റോഡ് ട്രക്കിംഗ്,ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ ദുരന്തനിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം. ഇതോടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിംഗുകളും അനധികൃതമായി കണക്കാക്കി ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കും. ട്രക്കിംഗ് ചെയ്യുന്ന പ്രദേശം വനം വകുപ്പിന്റെ കീഴിലാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോട് കൂടി മാത്രമേ ട്രക്കിംഗ് നടത്തുവാന്‍ സാധിക്കൂ.

കഴിഞ്ഞ ദിവസം മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവിനെ കയറിയ കുറുമ്പാച്ചി മല ജില്ലയിലെ സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല. 46 മണിക്കൂറോളം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്.