മാപ്പ് പറയാന്‍ മനസ്സില്ല, എന്റെ കൈയില്‍ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ട 'മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എന്നെ ശിക്ഷിച്ച് ജയിലിലാക്കിയാല്‍ ഖുറാന്‍ വായിച്ച് തീര്‍ക്കും'; ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് എകെ ബാലന്റെ മറുപടി

ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. ജമാഅത്തെയുടെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാന്‍ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. ജയിലില്‍ പോകണം എന്നാണ് വിധിയെങ്കില്‍ ജയിലില്‍ പോകുമെന്നും എകെ ബാലന്‍ പറഞ്ഞു. തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാന്‍ ശ്രമിച്ചുവെന്നും മതനിരപേക്ഷതയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും നോട്ടീസിലെ എല്ലാം വസ്തുത വിരുദ്ധമാണെന്നുമാണ് എകെ ബാലന്‍ പറയുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ജമാഅത്ത് ഇസ്ലാമി രംഗത്തെത്തുകയും മാനനഷ്ടത്തിന് കേസ് നല്‍കുകയും ചെയ്തതോടെയാണ് എകെ ബാലന്റെ പ്രതികരണം.

60 വര്‍ഷമായി പൊതുപ്രവര്‍ത്തകനാണ്. പൊതുജീവിതത്തില്‍ മതന്യൂനപക്ഷങ്ങളെ എതിര്‍ത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ജമാഅത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത് അവരുടെ നയം വ്യക്തമാക്കണം. മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും എകെ ബാലന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയും മതനിരപേക്ഷതയും ഉയര്‍ത്തി പിടിക്കുന്നുണ്ട്. നോട്ടീസ് അയച്ച സംഘടനയുടെ നയം എന്താണെന്ന് വ്യക്തമാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. തൊഴിലാളി വര്‍ഗത്തോട് ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ് താനെന്നും എകെ ബാലന്‍ പറഞ്ഞു. തന്റെ കൈയില്‍ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം വരെ പത്തുപൈസ കൊടുക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ എകെ ബാലന്‍ പറഞ്ഞു. ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുറാന്‍ വായിച്ചു തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ തൊഴിലാളി വര്‍ഗത്തോട് കൂറുള്ള ആളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖുറാനിന്റെ മലയാളം പരിഭാഷ ഉയര്‍ത്തിപ്പിടിച്ചായിരുന്നു എ.കെ. ബാലന്റെ വാര്‍ത്താ സമ്മേളനം.

‘ഞാന്‍ ജനിച്ചത് നാദാപുരത്ത് ആണ്. അവിടെയുള്ള മുസ്ലിം ലീഗ് നേതാവും നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റുമായ ബംഗളത്ത് മുഹമ്മദ് എന്നെക്കുറിച്ച് പറഞ്ഞത്, ‘എകെ ബാലന്‍ ഈ നാടിന്റെ അഹങ്കാരവും അഭിമാനവുമാണ്. അദ്ദേഹം സിപിഎം നേതാവ് മാത്രമല്ല ലീഗിന്റെ നേതാവ് കൂടിയാണ്’ എന്നായിരുന്നു മുസ്ലിം ലീഗിന്റെ തൂണേരിയിലുള്ള വാര്‍ഡില്‍ കക്കംപള്ളി തൂണേരി ബൈപ്പാസ് റോഡ് നാല് കോടി രൂപയില്‍ ഞാന്‍ പണിപൂര്‍ത്തീകരിച്ചു. അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്തരിച്ച ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. അദ്ദേഹം എന്റെ വീട്ടില്‍ വന്ന് കൂടെയിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചതാണ്. ആ റോഡിന് ലീഗുകാര്‍ കൊടുത്ത പേര് ബാലന്‍ റോഡ് എന്നാണ്. ഇപ്പോഴും അത് ഉണ്ട്. യൂത്ത് ലീഗുകാര്‍ ബാനര്‍കെട്ടി എന്നെ അഭിനന്ദിച്ചിരുന്നു. ഇന്നും ഞാന്‍ വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മുസ്ലിം സുഹൃത്തുക്കളുണ്ട്. വളരെ ചെറുപ്പത്തില്‍ സ്‌കൂള്‍ വിട്ടുവരുന്ന സമയത്ത് നാദാപുരം പള്ളിയുടെ മുമ്പിലിരുന്ന് വയലിത്തറ മൗലവിയും മതപ്രസംഗം വയള് കേട്ടവനാണ് ഞാന്‍. ഫറൂഖ് മൗലവിയുടെ മതപ്രസംഗം കേട്ടവനാണ്. മൗലീദും റാത്തീവും അഞ്ച് നേരമുള്ള നിസ്‌കാരവും ആയി ബന്ധപ്പെട്ട അന്തരീക്ഷത്തില്‍ വളര്‍ന്ന് ഒരാളാണ് ഞാന്‍.

ഖുറാന്‍ താന്‍ ഇഷ്ടപ്പെട്ട മതഗ്രന്ഥമാണെന്നും അതിന്റെ മലയാള തര്‍ജ്ജിമ ആര്‍ത്തിയോടെ വായിച്ച ആളാണ് താനെന്നും എകെ ബാലന്‍ പറഞ്ഞു. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് തന്നെ ശിക്ഷിച്ച് ജയിലിലാക്കിയാല്‍ ആദ്യത്തെ തന്റെ കടമ ഖുറാന്‍ വായിച്ച് തീര്‍ക്കുക എന്നതാണെന്നും ഇതില്‍ കൃത്യമായി കപടവിശ്വാസികളെപ്പറ്റി പറയുന്നുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു.

ഞാന്‍ ഒരു കപടവിശ്വാസിയല്ല. തൊഴിലാളി വര്‍ഗത്തോട് ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ്. എന്റെ ജീവിതത്തില്‍ ഒരു കപടത്തരമില്ല. തൊഴിലാളി വര്‍ഗത്തോടുള്ള കൂറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിശ്വാസ്യതയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ആളാണ് ഞാന്‍. അധികാരം കിട്ടിയപ്പോഴും അല്ലാത്തപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്നു.

എന്നെ അറിയുന്ന മുസ്ലിങ്ങള്‍ ഞാന്‍ ഒരു മുസ്ലിം വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുമ്പോള്‍ ഈ ചരിത്രം ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. പത്ത് പൈസ എന്റെ കൈയില്‍ നിന്ന് കിട്ടുമെന്ന് വിചാരിച്ച് ജമാഅത്ത് കേസിന് കൊടുക്കണ്ട. മരണം വരെ പത്ത് പൈസ കൊടുക്കില്ല. അത്ര ദാരിദ്ര്യം ഉണ്ടെങ്കില്‍ പൈസ ഉണ്ടാക്കാനുള്ള വഴി ഞാന്‍ പറഞ്ഞു കൊടുക്കാം. ഇക്കാര്യത്തില്‍ മാപ്പ് എന്റെ ജീവിത്തിലേ ഉണ്ടാകില്ല. പാര്‍ട്ടിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ പാര്‍ട്ടി പറഞ്ഞാല്‍ ആ സമയം താന്‍ അനുസരിക്കും. ജമാഅത്തിനെ പറ്റി ഇ.കെ. നേതാവ് മുക്കം ഉമര്‍ഫൈസി പറഞ്ഞത് അത് ഒരു വന്‍ ചിതല്‍ എന്നാണ്. ആ ആപത്തിനെയാണ് തുറന്നുകാട്ടിയതെന്നും അത് തുറന്നുകാട്ടേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും എകെ ബാലന്‍ പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സോഷ്യലിസ്റ്റ് ബോധത്തിനും എതിരായി നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ജമാഅത്ത് എന്നും ആ സംഘടനയുടെ ആശീര്‍വാദത്തിലും സഹായത്തിലും തണലിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അത് കേരളത്തിന്റെ നാശമായിരിക്കുമെന്ന് ഇനിയും കൊടുത്തുകൊണ്ടേയിരിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു.