തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന സൈബർ ട്രോളുകൾക്ക് മറുപടിയുമായി നടി അഞ്ജലി നായർ. സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളിൽ തളരില്ലെന്നും ട്രോളുകൾ തനിക്ക് ഗുണമാണ് ചെയ്തതെന്നും അഞ്ജലി വ്യക്‌തമാക്കി. ഭർത്താവിനൊപ്പമുള്ള വിഡിയോയിലൂടെയാണ് താരം തൻ്റെ നിലപാട് അറിയിച്ചത്.
തന്റെ പേരിലുള്ള ഓരോ ട്രോൾ വിഡിയോയും പോസ്‌റ്റുകളും കാണാറുണ്ടെന്നും അവയെല്ലാം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പരാജയത്തിൽ തനിക്ക് വിഷമമില്ലെന്നും പൊതുരംഗത്ത് സജീവമായി തുടരുമെന്നും താരം ഉറപ്പിച്ചു പറയുന്നു.
അഞ്ജലി നായരുടെ വാക്കുകൾ
Read more
‘ഇത് ട്രോളന്മാർക്ക് വേണ്ടിയുള്ള ഒരു വിഡിയോയാണ്. കാരണം നിങ്ങളുടെ ക്രിയേറ്റിവ് ആയിട്ടുള്ള പോസ്‌റ്റുകളും വിഡിയോകളും ഒന്നുപോലും ഞാൻ മിസ് ചെയ്തിട്ടില്ല. കാരണം എന്നെയും കൂടി ഇൻസ്‌റ്റാഗ്രാമിൽ മെൻഷൻ ചെയ്താണ് നിങ്ങൾ വിഡിയോ ഇടുന്നത്. മാത്രമല്ല ആൾക്കാർ റീപോസ്‌റ്റ് ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ഓരോ വിഡിയോയും പോസ്‌റ്റുകളും കാണാൻ പറ്റി. അതെല്ലാം ഞങ്ങൾ ആസ്വദിക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ട്രോളുകൾ എനിക്ക് ഗുണം ചെയ്യുകയും ചെയ്‌തു. ഒന്നുമല്ലാത്ത എനിക്ക് വേണ്ടി സാമ്യവും കണ്ടെത്തിയ ഓരോ ട്രോളന്മാർക്കും നന്ദി അറിയിക്കുന്നു. ഇപ്പോൾ മറ്റൊരു പോസ്‌റ്റ് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്, ഞാൻ ക്യാംപെയ്ൻ തുടങ്ങിയ കാലത്ത് പറഞ്ഞ ഒരു കാര്യമാണ്, നിങ്ങൾ ട്രോൾ ചെയ്തോളു പക്ഷേ ഒരുപാട് ഉപദ്രവിക്കരുത് എന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
അതിപ്പോൾ ഇലക്‌ഷന് തോറ്റ എന്നെ ഉപദ്രവിക്കരുത് എന്നാക്കി ആണ് ഷെയർ ചെയ്യുന്നത്. ഞാൻ അങ്ങനെ ഇപ്പോൾ പറഞ്ഞിട്ടില്ല . ഇലക്‌ഷന്റെ തുടക്കസമയത്ത് ഒരു ചാനലിന് ബൈറ്റ് കൊടുത്ത സമയത്താണ് ഞാൻ അത് പറഞ്ഞത്. ഒന്നും പറയാനില്ല അങ്ങനെ പറയുന്നവരോടും സ്നേഹം മാത്രമേയുള്ളൂ, ഞങ്ങൾക്ക് ഒരു വിഷമവുമില്ല, ഞങ്ങൾ ഓടിപ്പോവുകയുമില്ല. ഞങ്ങൾ ഇനിയും ഇവിടെ തന്നെ ഉണ്ടാകും. ഇനിയും വരുന്ന കാലങ്ങളിൽ നിങ്ങളിൽ ആസ്വദിക്കാനുതകുന്ന വിഷയങ്ങൾ ഞങ്ങൾ ഉണ്ടാക്കി തരാം. എല്ലാവർക്കും നന്ദി.” അഞ്ജലി നായർ പറഞ്ഞു.







