50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകിയില്ല എന്ന കാരണത്താൽ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ തോപ്പില്‍ ലെയ്ന്‍ ശ്രീവിഹാറില്‍ വിനയാനന്ദിന്റെ മകന്‍ ഹൃതിക് (28) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഹൃതിക്.
ഒക്ടോബര്‍ ഒന്‍പതിനാണ് ഹൃതിക്കിന് പരിക്കേറ്റത്. ആഡംബര കാര്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃതിക് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹൃത്വികിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 21-ന് ജന്മദിനത്തിന് മുന്‍പ് കാര്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്.
സംഭവദിവസം അക്രമാസക്തനായപ്പോള്‍ ഹൃതികിന്റെ അച്ഛൻ വിനയാനന്ദ് കൈയില്‍ക്കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഹൃതിക്കിനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന വിനയാനന്ദ് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയെങ്കിലും പിന്നീട് വഞ്ചിയൂര്‍ പോലീസില്‍ കീഴടങ്ങി.







