വീണുപോയത് 30 അടി താഴ്ചയുള്ള ഇടുങ്ങിയ മാലിന്യക്കുഴിയിൽ ; പരിക്കുകളോടെ രക്ഷപ്പെട്ട് വീട്ടമ്മ

തിരുവനന്തപുരത്ത് 30 അടി താഴ്ചയുള്ള ഇടുങ്ങിയ കുഴിയിൽ വീണ വീട്ടമ്മ രക്ഷപ്പെട്ടു. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടിൽ ലീല(63) ആണ് അപകടത്തിൽ പെട്ടത്. റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ഇവർ കുഴിയിൽ വീണത്.

റബർ ഷീറ്റ് വേസ്റ്റിനു വേണ്ടി നിർമ്മിച്ചിരുന്ന കുഴി ആൾമറ ഇല്ലാതെ സ്ലാബ് മൂടിയ നിലയിലായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടികളാണ് നാട്ടുകാരെ വിവിരമറിയിച്ചത്. പിന്നീട് വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡർ ഉപയോഗിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു.

അസി. സ്റ്റേഷൻ ഓഫിസർ എ.ടി. ജോർജ്, നിസാറുദ്ദീൻ, ഗിരീഷ്കുമാർ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പരിക്കേറ്റ വീട്ടമ്മയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.