ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ചു, കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലത്ത് ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷിനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി പറയാറുണ്ടെങ്കിലും, സുധീഷ് തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ജനുവരി 26ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ജോലിക്ക് പോകാതെ നിന്ന സുധീഷിനോട് പോകണമെന്നും തന്റെ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിന് കാരണം.

Read more

ലക്ഷ്മിയെ വിറക് കഷ്ണം കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും, ഇവരുടെ ഒന്നരവയസ്സുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി.നായര്‍,ഗിരീശന്‍, റെനോക്സ്, ജോയി, സി.പി.ഒ. അനൂപ്, ജാസ്മിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.