ഭര്‍ത്താവിനെ കാത്ത് ഭാര്യയും മകനും ഒരു മാസമായി പൂട്ടിയിട്ട വീടിന്റെ ടെറസില്‍

ഭര്‍ത്താവിനെ കാത്ത് ഒരു മാസമായി ഐരാപുരത്തെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിന്റെ ടെറസില്‍ കഴിയുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയും മകനും. മുപ്പത്തിയഞ്ചുകാരിയായ ജെബീര്‍ ഷെയ്ക്കും പതിനാലുകാരനായ മകന്‍ യോഹന്നാമുമാണ് പൂട്ടിയിട്ട വീടിന്റെ ടെറസിനുമുകളില്‍ ഒരുമാസമായി കഴിയുന്നത്. ഭര്‍ത്താവായ അനിലിനെ തേടി ഇവർ എത്തിയപ്പോൾ ഭർതൃ മാതാപിതാക്കള്‍ വീടു പൂട്ടി പോയി, ഇതേതുടർന്ന് തലചായ്ക്കാൻ ഇടമില്ലാതെ വന്നപ്പോൾ ടെറസിൽ അഭയം തേടുകയായിരുന്നു.

2002 ലാണ് അനിലും ജബീറയും വിവാഹിതരാകുന്നത്. ശേഷം യുപിയില്‍ സ്ഥിര താമസമാക്കിയിരുന്നു. ഇടയ്ക്ക് ഇവർ നാട്ടില്‍ എത്തി താമസിച്ചിരുന്നതായും യുവതി പറയുന്നു. തനിക്ക് ഓഹരിയായി ലഭിച്ച ആറു ലക്ഷം രൂപ അനിലിന്റെ വീടു നിര്‍മ്മാണത്തിനായി നല്‍കിയെന്നും യുവതി പറയുന്നു. 2010 ല്‍ ഭര്‍ത്താവ് യുപിയില്‍ നിന്ന് പോന്നുവെന്നും യുവതി പറയുന്നു. ഇതുവരെ തിരികെ എത്താത്തതിനെ തുടർന്ന് തന്റെ ഭർത്താവിനെ ഇയാളെ തേടിയാണ് യുവതിയും മകനും ഐരാപരുത്തെ വീട്ടിലെത്തിയത്.

സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഭര്‍ത്താവ് അനിലിനെ കണ്ടെത്താനും അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ സൗകര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജെബീറയും മകനും എത്തിയപ്പോള്‍ വീട് പൂട്ടി സ്ഥലം വിട്ട അനിലിന്റെ അച്ഛനമ്മമാരുടെ നടപടി മനുഷ്യത്വരഹിതമാണെന്നു അവര്‍ക്ക് വീട്ടില്‍ കയറി താമസിക്കാന്‍ അവകാശമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. യുവതിയുടെ പണം അപഹരിച്ച ശേഷം വഞ്ചിച്ചതിന് അനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കമ്മീഷൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുവതിക്കും മകനും വനിത കമ്മീഷൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പൊലീസ് സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മീഷന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കോ സാമൂഹിക നീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറിത്താമസിക്കുന്നതിന് കമ്മീഷന്‍ അവസരമൊരുക്കും. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസസൗകര്യം നല്‍കണമെന്നാണ് ജെബീറയുടെ് നിലപാട്.