മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ യഥാർത്ഥ ജാല വിദ്യകൾ, ആരോപണങ്ങളുടെ നിഴലിൽ ഡിഫറന്റ് ആർട്ട് സെന്റർ

രണ്ട് ആഴ്ചയിലേറെയായി സമൂഹ മാധ്യമങ്ങളിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട്ട് സെന്റർ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുൻ ജീവനക്കാരൻറെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശി കെകെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.

2019ൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിതമായ ഡിഫറന്റ് ആർട്ട് സെന്റർ (DAC) ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്, സംഗീതം, മറ്റ് പെർഫോമിംഗ് ആർട്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഡിഎസി, ഒരു ബാച്ചിൽ 100 ​​കുട്ടികളെ വീതം തിരഞ്ഞെടുത്ത് ടാലന്റ് ടെസ്റ്റിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഭിന്നശേഷിക്കാരായ 300 ഓളം കുട്ടികൾക്ക് സംഗീതം, നൃത്തം, ചിത്രകല, വിവിധ സംഗീതോപകരണങ്ങൾ എന്നിവയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുമെന്ന് പറയപ്പെടുന്ന ഡിഎസി കുട്ടികളെ ഫണ്ട് ശേഖരണത്തിന് ഉപയോഗിച്ചതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ആരോപണങ്ങൾ നേരിട്ടിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വിദഗ്ധയായ ചിത്ര സിആർ ഡിസംബർ 29 ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാപനത്തിനെതിരെ സാമ്പത്തിക കെടുകാര്യസ്ഥത ആരോപണം ഉന്നയിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. പിന്നീട് ചിത്ര ഉൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഈ വെളിപ്പെടുത്തലുകൾ മുതുകാടിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഭൂരിഭാഗം മലയാളികളെയും അക്ഷരാത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.

തുടർന്ന് ഡിഎസിയിലെ മുൻ ജീവനക്കാരൻ ഷിഹാബ് തന്നെ ആരോപണങ്ങൾ ശരിയെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. “ഭക്ഷണത്തിന് ഇടവേള പോലുമില്ലാതെ തുടർച്ചയായി പ്രകടനം നടത്താൻ കുട്ടികൾ നിർബന്ധിതരായതായി ഷിഹാബ് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചത്.

അക്കാദമിയിൽ അതിഥികൾക്കു മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിൻറെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിൻറെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവർക്ക് യഥാസമയം ഭക്ഷണം നൽകാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായിരുന്നില്ല.

സ്ഥാപനത്തിൽ വരുംമുമ്പ് ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നെങ്കിലും മുതുകാടിൻറെ ശ്രമഫലമായുണ്ടായ കഴിവുകളാണ് തൻറേതെന്ന് പ്രചരിപ്പിച്ചുവെന്നും ശിഹാബ് ആരോപണം ഉന്നയിച്ചിരുന്നു. പ്ലാനറ്റിൽ ആദ്യഘട്ടം അഞ്ച് കുട്ടികളുണ്ടായിരുന്നപ്പോൾ അതിഥികളോട് 25 പേരുണ്ടെന്ന് പറയാനായിരുന്നു നിർദേശം. പിന്നീട് 150 കുട്ടികളായപ്പോൾ 300 എന്നാണ് പറഞ്ഞത്- ശിഹാബ് ആരോപിച്ചിരുന്നു.

ആരോപണവുമായി ആദ്യം മുന്നോട്ട് വന്ന ചിത്രയുടെ മകൻ ഡിഎസിയിലെ മുൻ വിദ്യാർത്ഥിയായിരുന്നു. കലാകേന്ദ്രത്തിന് അനുവദിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായാണ് അവർ ആരോപണത്തിൽ പറഞ്ഞിരുന്നത്. സർക്കാരിൻ നിന്നും ഗ്രാന്റ് വാങ്ങുന്നില്ല എന്ന മുതുകാടിന്റെ അവകാശവാദത്തെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാരിൽ നിന്നും സ്ഥാപനം രണ്ട് കോടിരൂപ കൈപ്പറ്റിയതായി ചിത്ര ആരോപിച്ചു. വിവരാവകാശ രേഖ പ്രകാരം 2020-2023 സാമ്പത്തിക വർഷം മുതൽ ഡിഎസി കേരള സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റിയതായി പറയുന്നു. കൂടാതെ, 2023-ൽ സ്ഥാപനത്തിനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു.

കുട്ടികളെ ഫണ്ടിനായി പ്രദർശിപ്പിച്ചു എന്ന ആരോപണമാണ് ഏറെ വിവാദമായത്. തന്റെ മകന്റെ ഫോട്ടോകളും വീഡിയോകളും മുതുകാട് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി ചിത്ര ആരോപിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള ഫണ്ട് കൂടാതെ പുറത്തുനിന്നുള്ള പിരിവിനായി ഈ കുട്ടികളുടെ ഫോട്ടോകൾ ഉപയോഗിക്കുന്നുണ്ടെന്ന് മറ്റ് മാതാപിതാക്കളും ആരോപിച്ചിരുന്നു.

കുട്ടികളടെ ദയനീയത ചിത്രരീകരിച്ചു അതിലൂടെ ഒരു സഹാനുഭൂതി നേടിയാണ് ഫണ്ട് പിരിവ് നടത്തുന്നത്. സ്ഥാപനത്തിലുള്ള കുട്ടികൾ അനാഥരാണെന്നും മാതാപിതാകകൾ ഉപേക്ഷിച്ചവരാണെന്നും അടക്കമുള്ള പ്രചാരങ്ങൾ സന്ദർശകരോടും മാധ്യമങ്ങളോടും മുതുകാട് നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനോടകം മാതാപിതാക്കളോ മറ്റ് അധ്യാപകരോ കഴിവുകൾ വികസിപ്പിച്ച കുട്ടികളെ വലിയ സെലക്ഷൻ പ്രോസെസിലൂടെ സെലക്ട് ചെയ്ത് അവരെ കൊണ്ട് പരിപാടികൾ ചെയ്യിപ്പിച്ച് ക്രെഡിറ്റ് മുഴുവൻ സ്ഥാപനം ഏറ്റെടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്.

കേരളത്തിലുള്ള പാവപ്പെട്ടവരും നിസ്സഹായരായവരുമായ എല്ലാ ഭിന്നശേഷിക്കാരുടെയും ദൈവം ആയിട്ടാണ് ഗോപിനാഥ്‌ മുതുകാടിനെ കേരളത്തിലെ ഭൂരിഭാഗവും കാണുന്നത്. എന്നാൽ അത് അങ്ങനെയല്ല എന്നതാണ് നഗ്‌നമായ സത്യം. എല്ലാ ഭിന്നശേഷി കുട്ടികളെയും മുതുകാട് ഏറ്റെടുക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക കഴിവ് ഉള്ള കുട്ടികളെയാണ് അവിടെ പ്രവേശിപ്പിക്കുന്നത്. മാതാപിതാക്കളാവട്ടെ അവരുടെ കുട്ടികളിലെ ആ പ്രത്യേക കഴിവ് ഒന്ന് പോളിഷ് ചെയ്ത് കൂടുതൽ ട്രെയിനിങ് ലഭിച്ച് സ്വന്തമായിട്ടൊരു ഭാവി ഉണ്ടാക്കി കൊടുക്കാനും അവർക്ക് ആ കഴിവുകൾ കൊണ്ട് എന്തെകിലും പ്രയോജനം ഉണ്ടാകാനും വേണ്ടിയാണ് മുതുകാടിന്റെ സ്ഥാപനത്തിനിലേക്ക് എത്തുന്നത്. എന്നാൽ അവിടെയാവട്ടെ കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കണമെങ്കിൽ പ്രത്യേക ടാലന്റ് ടെസ്റ്റിന് ശേഷം ഏകപക്ഷീയമായ തിരഞ്ഞെടുപ്പിലൂടെ ഒരു ബാച്ചിൽ 100 ​​കുട്ടികളെ വീതം തിരഞ്ഞെടുത്ത് പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

അതിനപ്പുറം പാവപ്പെട്ടതോ അനാഥരായതോ ആയ ഭിന്നശേഷികുട്ടികളെ ഏറ്റെടുത്ത് വളർത്തുകയല്ല ആ സ്ഥാപനം ചെയ്യുന്നത്. മറിച്ച്‌, എന്തെകിലും തരത്തിലുള്ള പ്രത്യേക കഴിവ് നേടിയ കുട്ടിയെ സ്ഥാപനത്തിൽ എത്തിച്ച് അവിടെ എത്തുന്ന സന്ദർശകർക്ക് പ്രദർശന വസ്തുക്കളാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നന്വ മാതാപിതാക്കൾ ആരോപിക്കുന്നത്. സന്ദർശകരിൽനിന്നും ഒരു ‘വൗ’ കിട്ടാനുള്ള വെറും വൗ ഫാക്ടറായി ഇത്തരം കുട്ടികളെ മാറ്റുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. കുട്ടികൾക്ക് പുറത്തേക്കുള്ള വേദികൾ തുറന്ന് കൊടുക്കാതെ, സ്ഥാപനത്തിലെ സന്ദർശകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അവടുത്തെ പ്രവർത്തനമെന്നും വിമർശനമുണ്ട്.

സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ അഭാവം മറ്റൊരു പ്രധാന ആരോപണം ആയിരുന്നു. 30 കുട്ടികൾക്ക് ഒരു ഇൻസ്ട്രക്ടർ എന്ന രീതി നിലവിലുള്ളപ്പോൾ 300 കുട്ടികളുള്ള സ്ഥാപനത്തിൽ രണ്ട് സ്പെഷ്യൽ എജ്യൂക്കേറ്റർമാർ മാത്രമാണുള്ളത്. ഡൗൺസിന്ഡ്രം, സെറിബല് പ്ലാസി, ഓട്ടിസം പോലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾ എല്ലാ സമയത്തും ഒരേ പോലെ ആയിരിക്കില്ല പെരുമാറുന്നത്. കലാ പ്രകടനങ്ങൾ മാത്രം കൊണ്ട് അവരുടെ ഒരു ദിവസം പൂർത്തിയാവുകയും ഇല്ല. മറ്റ് അടിസ്ഥാന ആവശ്യങ്ങൾ, പ്രകോപിതരാവുന്ന സ്വഭവങ്ങൾ ഇങ്ങനെ എല്ലാ തരത്തിലുമുള്ള വെല്ലുവിളികളും അവർക്കുണ്ടാവാറുണ്ട്. ഇതിൽ നിന്ന് ആ കുട്ടികളെ അനുനയിപ്പിക്കാനും ചേർത്ത് നിർത്താനും ആവശ്യമായ ഇൻസ്ട്രക്ടർമാരെ ലഭ്യമാക്കേണ്ടതുണ്ട്.

സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ ഈ മാതാപിതാക്കളും സാമൂഹ്യ പ്രവർത്തകരും ശ്കതമായി ആരോപിക്കുന്നത് സ്ഥാപനത്തിലെ ഇത്തരം ചില അടിസ്ഥാനപരമായ ക്രമക്കേടുകളാണ്. ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനം അടച്ചു പൂട്ടണമെന്നോ മുതുകാടിനെ പൂർണമായും ഇല്ലാതാക്കണമെന്നോ ഒന്നുമല്ല ഇത്തരം വിമർശങ്ങൾക്ക് പിന്നിലുള്ള കാരണം. മറിച്ച്‌ മാതൃകാപരമായി നടത്തികൊണ്ട് പോകാവുന്ന ഒരു സ്ഥാപനം പ്രതേകിച്ച് ഒരു തരത്തിലും ഡിഫറന്റിലി എബിൾഡ് ഫ്രണ്ട്‌ലി അല്ലാത്ത ഒരു സംസ്ഥാനത്ത്, ഇങ്ങനെയൊരു സ്ഥാപനം അതിവിശ്യമായൊരിടത്ത് നല്ല രീതിയിൽ നടത്തി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.