ഇല്ലാത്ത ഓഫീസ് എങ്ങനെ ആക്രമിക്കും?, കല്ലേറ് ബി.ജെ.പി ആസൂത്രിതം ചെയ്തത്: ആനാവൂര്‍ നാഗപ്പന്‍

തന്റെ വീടാക്രമണം ബിജെപി ആസൂത്രിതമായി നടപ്പാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ബിജെപിയുടെ ലക്ഷ്യം പ്രകോപനമുണ്ടാക്കുകയാണെന്നും പലരീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് വീണ്ടും വീണ്ടും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നാഗപ്പന്‍ ആരോപിച്ചു.

സിപിഎം ജാഥയില്‍ കടന്നുകയറി ബിജെപിക്കാര്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിച്ചു, കൊടിമരം തകര്‍ത്തു. എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചില്ല. അതിനാല്‍ വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വീട് ആക്രമിച്ചത്.

ബിജെപി ഓഫീസ് സിപിഎം ആക്രമിച്ചെന്നാണ് അവരുടെ ആരോപണം. എന്നാല്‍ ഇല്ലാത്ത ഓഫീസ് എങ്ങനെ ആക്രമിക്കും? അവിടെ ഒരു ബോര്‍ഡുപേലുമില്ല. രഹസ്യമായി ഓഫീസ് നടത്താന്‍ ബിജെപി നിരോധിച്ച പാര്‍ട്ടിയാണോയെന്നും ആനാവൂര്‍ ചോദിച്ചു.

ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായിരുന്നു. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി.

അതിനിടെ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണക്കേസില്‍ മൂന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എ.ബി.വി.പിക്കാരായ ലാല്‍, സതീര്‍ത്ഥന്‍, ഹരിശങ്കര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ വഞ്ചിയൂരില്‍ വനിത കൗണ്‍സിലറെ ആക്രമിച്ച കേസിലും പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.