കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞു; തിരിഞ്ഞു നോക്കാതെ നഗരസഭ

കൊച്ചിയില്‍ റോഡിലെ കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ ഇരുകാലുകളും ഒടിഞ്ഞു. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഓടയിലേക്ക് വെള്ളം ഒഴുക്കി വിടുന്ന കുഴിയില്‍ വീണാണ് അപകടം. മുളവുകാട് സ്വദേശി പ്രമീളയ്ക്കാണ് കുഴിയില്‍ വീണ് പരിക്കു പറ്റിയത്.

വെള്ളം ഒഴുകുന്ന കുഴി നെറ്റുപയോഗിച്ച് കൃത്യമായി മൂടാതിരുന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഈ മാസം ഏഴിനാണ് അപകടമുണ്ടായത്. ഹൈക്കോടതി ജംഗ്ഷന്‍ റോഡിന് സമീപത്തെ പെട്ടികടയില്‍ സര്‍ബത്ത് കുടിച്ചതിന് ശേഷം അവിടെ നിന്നും തിരിഞ്ഞപ്പോള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

വീഴ്ചയില്‍ രണ്ട് കണങ്കാലുകളും ഒടിഞ്ഞ പ്രമീളക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പ്രമീളയ്ക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണ്. സംഭവത്തെ കുറിച്ച് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരാരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രവീണ പറയുന്നത്.

പ്രദേശത്ത് ആളുകള്‍ കുഴിയില്‍ വീഴുന്നത് നിത്യസംഭവമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേ സമയം റോഡ് പി.ഡബ്ല്യു.ഡിയുടേതാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് നഗരസഭ നല്‍കുന്ന വിശദീകരണം.