എടുത്തത് മണിക്കൂറുകൾ; കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി

കോതമം​ഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കിണറിടിച്ച് ആനയെ പുറത്തെത്തിച്ചത്. ആനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി.

പുലർച്ചെ 2 മണിയോടെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ ആന പതിനഞ്ച് മണിക്കൂർ നേരമാണ് കിണറ്റിനുള്ളിൽ കിടന്നത്. നേരത്തെ ആനയെ പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ മയക്കുവെടി വയ്ക്കുമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ പ്രദേശത്ത് പ്രധിഷേധം ശക്തമാണ്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രം​ഗത്തെത്തിയിട്ടുണ്ട്. കിണറ്റിനുള്ളിൽ ചാടുമെന്ന് ഭീഷണിയുമായിട്ടാണ് ഉടമയുടെയും ഭാര്യയുടെയും പ്രതിഷേധം.