മണിക്കൂറുകൾ നീണ്ട പ്രതിസന്ധി, ഒടുവിൽ പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്; പൂരം പുനരാരംഭിച്ചത് ചർച്ചകൾക്കൊടുവിൽ

പൊലീസുമായുള്ള തർക്കത്തെ തുടർന്ന് നിർത്തിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാല്മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തി. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പുലർച്ചെ മന്ത്രി കെ രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് രാവിലെ 7 ന്നടത്താനും തീരുമാനമായത്.

മണിക്കൂറുകൾ കാത്തിരുന്നു വലഞ്ഞിട്ടും പൂരപ്രേമികൾ ആവേശം ഒട്ടും ചോരാതെ തന്നെ ആർപ്പുവിളികളോടെ വെടിക്കെട്ടിനെ സ്വീകരിച്ചു. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകി പകൽ വെളിച്ചത്തിൽ നടത്തിയത്. ഇന്നലെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. അനാവശ്യ നിയന്ത്രണങ്ങൾ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ, കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരനഗരി സാക്ഷ്യം വഹിച്ചത്.

തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി.

സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.

വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത് നിരാശയായിരിക്കും സമ്മാനിക്കുക.