'തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ'; ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്

ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് കണ്ടെത്തൽ. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലിൽ പറയുന്നു. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു.

പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് പൊതുമേഖല സ്ഥാപനമായ റയ്ഡ്കോ തേൻ നൽകിയത്. വിജിലൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ തേൻ ഉപയോഗിക്കാതെ മാറ്റിവെച്ചു. അഭിഷേകത്തിനടക്കം പഴയ സ്റ്റോക്കിലെ തേനാണ് ഉപയോഗിക്കുന്നത്.

പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. വിജിലന്‍സിന്റെ കണ്ടെത്തൽ ശരിവെച്ചതിനെ തുടർന്ന് റയ്ഡ്കോക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബൈജു പറഞ്ഞു. മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Read more