ചരിത്രം ഒരു വിഭാഗത്തിന്റെ കുത്തകയല്ല; ഗാന്ധിയെയും അംബ്ദ്ക്കറെയും പോലെ സവർക്കറെ കുറിച്ച് പഠിക്കുന്നത് അപരാധമോ എന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ സർവകലാശാലയിൽ മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ അംബേദ്ക്കറെയും പോലെ ദീൻദയാൽ ഉപാധ്യായയും വി.ഡി സവർക്കറും പാഠപുസ്തകത്തിൽ വരുന്നത് മാഹാ അപരാധമാണോ എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

ദീൻദയാൽ ഉപാധ്യയും വി.ഡി സവർക്കറും പാഠപുസ്തകത്തിൽ വരുമ്പേഴേക്കും പാടില്ലെന്ന് പറയുന്നത് എങ്ങനെയാണ് ശരിയാവുകയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

കേരളം പോലുള്ള സംസ്ഥാനത്ത് ബി.ആർ അംബേദ്ക്കറെ കുറിച്ചും സവർക്കറെ കുറിച്ചും ഗാന്ധിയെ കുറിച്ചും എല്ലാം മനസ്സിലാക്കാൻ ഉള്ള സ്വാന്ത്ര്യമില്ലേയെന്നും കോൺഗ്രസിന് പിന്നാലെ സി.പി.ഐ.എമ്മും പ്രശ്‌നത്തിൽ ഇടപ്പെട്ട് വി.സിയെ ഭയപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ചരിത്രം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. സ്വാതന്ത്ര്യ സമരവും ദേശീയ ചരിത്രവും നെഹ്‌റു കുടുംബത്തിന്റെ മാത്രമാണ് എന്നു കരുതുന്നവരാണ് ഇതിന് പിന്നിലെന്നും വർഗീയ ശക്തികളെ പിണക്കാൻ പാടില്ലാ എന്നത് കൊണ്ടാണ് പിണറായി വിജയനും ഇടത് സർക്കാരും ഇതിന് പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാല ബിഷപ്പിന്റെ പരാമർശത്തിൽ തെറ്റില്ലെന്നും എന്തിനാണ് എല്ലാവരും ചേർന്ന് അദ്ദേഹത്തെ ആക്രമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

നാർകോട്ടിക് ജിഹാദ് പരമാർശത്തിൽ വിശദമായ ചർച്ച വേണമെന്നും പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിൻ്റെ ആരോപണം വിശദമായി പരിശോധിക്കണമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്റെ പ്രതികരണം. ഭീകരവാദികൾക്ക് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.