സ്ത്രീകളുടെ അവകാശങ്ങളിലും ഉത്തരവാദിത്തങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുന്നുണ്ട്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട സാമൂഹ്യ ബോധത്തിലുണ്ടായ വളര്‍ച്ചയും സാക്ഷരതാ നിരക്കിലുള്ള വര്‍ധനവുമൊക്കെ കാരണം സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം ലഭിക്കുകയും സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ സ്വതന്ത്രരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിലും അല്ലാത്തവരാണെങ്കിലും തങ്ങളുടെ അവകാശത്തെക്കുറിച്ച് മനസിലാക്കുകയും ആവശ്യംവരുന്ന ഘട്ടത്തില്‍ അതിനുവേണ്ടി ശക്തമായി പോരാടുകയും ചെയ്യുന്നവരാണ്.
സ്ത്രീകളുടെ നിരവധിയായ അവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യസ്വത്തുക്കളിന്മേലുള്ള അവകാശം. ഇത് എല്ലാ സ്ത്രീകളെയും സംബന്ധിച്ച് ഒരേപോലെയല്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവരെ സംബന്ധിച്ച് പാരമ്പര്യ അവകാശങ്ങള്‍ വ്യത്യസ്തമാണ്.
ഹിന്ദുസ്ത്രീയുടെ അവകാശങ്ങള്‍:
ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളിലെ പാരമ്പര്യ, പിന്തുടര്‍ച്ച അവകാശങ്ങള്‍ 1956ലെ ഹിന്ദു പിന്തുടര്‍ച്ച നിയമത്തിന് കീഴില്‍ വരുന്നതാണ്. ഹിന്ദു സ്ത്രീകള്‍ക്ക് പരമ്പരാഗതമായി കൈമാറാവുന്ന വസ്തുവകകള്‍ ഏതൊക്കെയാണ് ന്നാണ് ഈ നിയമത്തില്‍ സെക്ഷന്‍ 14ല്‍ പറയുന്നത്. മരണപ്പെട്ട മാതാപിതാക്കളുടെ സ്വത്തുവകകളില്‍ ഹിന്ദുവായ ആണ്‍മക്കള്‍ക്കുള്ള അതേ അവകാശം പെണ്‍മക്കള്‍ക്കുമുണ്ട്. അച്ഛന്റെ വസ്തുവകകളിന്മേലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ട്. അതുപോലെ മരണപ്പെട്ട മകന്റെ സ്വത്തില്‍ ഭാര്യയ്ക്കും കുട്ടിയ്ക്കുമുള്ള അതേ അവകാശം അമ്മയ്ക്കുമുണ്ട്. എന്നാല്‍ അച്ഛന്റെ കാര്യത്തില്‍ സ്ഥിതി ഇതല്ല. മകന്റെ ഭാര്യയും കുട്ടികളും അമ്മയും ജീവിച്ചിരിക്കെ അവന്റെ സ്വത്തിനുമേല്‍ പിതാവിന് യാതൊരു അവകാശവുമുണ്ടായിരിക്കുന്നതല്ല.
മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തില്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയ്ക്കുള്ള അതേ അവകാശം തന്നെയാണ് അവിവാഹിതയായ പെണ്‍കുട്ടിക്കുമുണ്ടാകുക. സഹോദരന്മാര്‍ക്ക് നല്‍കുന്ന അതേ ഓഹരിയ്ക്ക് ഈ പെണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍:
മുഹമ്മദീയന്‍ നിയമപ്രകാരം പാരമ്പര്യ സ്വത്തും സ്വന്തമായി ആര്‍ജ്ജിച്ച സ്വത്തും തമ്മില്‍ യാതൊരു വേര്‍തിരിവുമില്ല. മുസ്ലിം വ്യക്തിനിയമപ്രകാരമാണ് മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ കണക്കാക്കുന്നത്. ഇതുപ്രകാരം ദമ്പതികള്‍ക്ക് മക്കളുണ്ടെങ്കില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടില്‍ ഒരുഭാഗം ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്. മക്കളില്ലാത്തവരാണെങ്കില്‍ നാലില്‍ ഒന്ന് ഭാര്യയ്ക്ക് കിട്ടും. മുസ്ലിം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ പെണ്‍മക്കള്‍ക്കും നിയമപരമായി സ്വത്തില്‍ അവകാശമുണ്ട്. എന്നാല്‍ ആണ്‍മക്കള്‍ക്ക് ലഭിക്കുന്നതിന്റെ പകുതിയ്ക്കേ പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടാവൂ.
ക്രിസ്ത്യന്‍, പാഴ്സി, ജൂത സ്ത്രീകളുടെ അവകാശങ്ങള്‍:
ക്രിസ്ത്യന്‍, പാഴ്സി, ജൂത മതവിഭാഗങ്ങള്‍ 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമത്തിനു കീഴിലാണ് വരിക. ഒരു ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് നേരത്തെ തീരുമാനിച്ച പ്രകാരമുള്ള വിഹിതത്തിന് അര്‍ഹതയുണ്ട്. ആ വിഹിതം മരിച്ചയാളുടെ മറ്റ് ബന്ധുക്കളുടെ ഐഡന്റിറ്റിയെ ആശ്രയിച്ചിരിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍, സ്വത്തിന്റെ മൂന്നിലൊന്ന് അയാളുടെ വിധവയ്ക്ക് ലഭിക്കും. ശേഷിക്കുന്നത് മക്കള്‍ക്കും. മക്കളില്ലയെങ്കില്‍ വിധവയ്ക്ക് പകുതി സ്വത്തിന് അര്‍ഹതയുണ്ടായിരിക്കും. ബാക്കി സ്വത്തില്‍ മരിച്ചയുടെ മറ്റ് ബന്ധുക്കള്‍ക്കാണ് അവകാശമുണ്ടാവുക. കുട്ടികളോ മറ്റ് ബന്ധുക്കളോ ഇല്ലെങ്കില്‍ വിധവയ്ക്ക് മുഴുവന്‍ സ്വത്തിനും അര്‍ഹതയുണ്ടായിരിക്കും.
Read more
ഒരു പാഴ്സി വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ മക്കള്‍ക്കുള്ള അതേ അവകാശത്തിന് അര്‍ഹതയുണ്ട്. മരണപ്പെട്ടയാളുടെ സ്വത്തിന്റെ പകുതി മാതാപിതാക്കള്‍ക്ക് അവകാശപ്പെട്ടതാണ്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ചയാളുടെയും വിധവയ്ക്കും മക്കള്‍ക്കുമായി സ്വത്ത് തുല്യമായി നല്‍കണമെന്നാണ് നിയമം.







