സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ​ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ​ഹൈക്കോടതി. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20-ന് കേസ് വീണ്ടും കേസ് പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

​പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞു വെയ്ക്കാനാകില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ശമ്പളം ജീവനക്കാരുടെ അ‌വകാശമാണെന്നും അ‌ത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞു. ശമ്പളം മാറ്റിവെയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അ‌ഭിനന്ദനം അർഹിക്കുന്നു. എന്നാൽ അ‌തിന്റെ പേരിൽ വ്യക്തികളുടെ അ‌വകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവെയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.

സർക്കാരിന്റെ ശമ്പളം മാറ്റിവെയ്ക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ​​ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെയ്ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിനുള്ള അ‌വസരമില്ല. അ‌തിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്നുമാണ് ഹർജികളിൽ ആരോപിച്ചിരുന്നത്.