കേരള ബാങ്കിലെ കൂട്ടസ്ഥിരപ്പെടുത്തൽ തടഞ്ഞ ഹൈക്കോടതി നടപടി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: രമേശ് ചെന്നിത്തല

കേരള ബാങ്കിലെ കൂട്ടസ്ഥിരപ്പെടുത്തൽ തടഞ്ഞ ഹൈക്കോടതി നടപടി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും, ശക്തിപ്പെടുത്താനും തടസ്സമായ കേരള ബാങ്ക് പിരിച്ചുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കേരള ബാങ്കിലെ കൂട്ടസ്ഥിരപ്പെടുത്തൽ തടഞ്ഞ ഹൈക്കോടതി നടപടി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സമ്പൂർണമായി പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക്. കേരളത്തിൽ ധാരാളം കൊമേഷ്യൽ ബാങ്കുകളും നാഷണലൈസ്ഡ് ബാങ്കുകളും നിലവിലുണ്ട്. ആ സാഹചര്യത്തിൽ അതേ മാതൃകയിൽ മറ്റൊരു ബാങ്കിന്റെ ആവശ്യമില്ല.

സഹകരണ ബാങ്കുകൾ കേരളത്തിലെ സഹകാരികളുടെ മാത്രമല്ല പൊതുജനങ്ങളുടെയും ബാങ്കുകളായിരുന്നു. നടപടിക്രമങ്ങൾ ഏറ്റവും കുറവുള്ള, ആർക്കും പ്രാപ്യമാകുന്ന ബാങ്കിങ് സംവിധാനമായിരുന്നു സഹകരണ ബാങ്കുകളുടേത്. സംസ്ഥാന സഹകരണ ബാങ്ക് മുതൽ ജില്ലാ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ ഇവയെല്ലാം സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിയായിരുന്നു. ഏകപക്ഷീയമായി ഇവയെല്ലാം പിരിച്ചുവിട്ടു കേരള ബാങ്ക് ഉണ്ടാക്കിയ നടപടി തീർത്തും നിയമവിരുദ്ധമാണ്.

സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിയ്ക്കുന്നത്. തുടക്കം മുതൽ തന്നെ യുഡിഎഫ് കേരള ബാങ്കിന് എതിരാണ്. യു ഡി എഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ ബാങ്ക് മാത്രമാണ് നിലവിൽ സ്വതന്ത്രമായി നിലനിൽക്കുന്നത്ത്. അത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുമുണ്ട്.

ആർബിഐൽ നിന്നും പൂർണമായ അനുമതി പോലും ലഭിക്കുന്നതിനു മുൻപ് തിരക്കിട്ട് പ്രവർത്തനമാരംഭിച്ച കേരള ബാങ്ക് സഹകരണ പ്രസ്ഥാനത്തിന്റെ നാശത്തിനു കാരണമാകും. ബാങ്ക് എന്ന് പേര് ഉപയോഗിക്കാൻ പോലും നിലവിൽ ആർ ബി ഐ അനുമതി ഇല്ല എന്നതാണ് വസ്തുത.

സഹകരണ ബാങ്കുകൾ ആർബിഐയുടെ നിയന്ത്രണത്തിലേക്ക് വരുമ്പോൾ സഹകരണ പ്രസ്ഥാനത്തിന്റെ അന്ത:സത്ത പൂർണമായും ഇല്ലാതാകും. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും, ശക്തിപ്പെടുത്താനും തടസ്സമായ കേരള ബാങ്ക് പിരിച്ചുവിടും. പകരം സഹകരണ പ്രസ്ഥാനത്തെയും സഹകരണ ബാങ്കുകളെയും കൂടുതൽ ശക്തിപ്പെടുത്തുകയും സാധാരണക്കാരന് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്യും.