ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി, അതിനുള്ള മേല്‍നോട്ടം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ദേവസ്വം ബെഞ്ച്

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേല്‍നോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജികളിലാണ് പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേല്‍നോട്ടം വഹിക്കുന്നത് തങ്ങളാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നല്‍കൂ എന്നും ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹര്‍ജി ആണ് ഹൈക്കോടതി പരിഗണിച്ചത്. സ്വാഭാവിക ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീര്‍ണമായ കേസാണ് എസ്‌ഐടി അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിസങ്കീര്‍ണ കേസായതിനാല്‍ കുറ്റപത്രം വൈകുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതികള്‍ ഓരോരുത്തരായി സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍ പ്രതിപക്ഷം അത് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റുമ്പോഴാണ് സ്വാഭാവിക ജാമ്യം കിട്ടുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രതികളാരും രക്ഷപ്പെടില്ലെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും ഹൈക്കോടതി ഊന്നിപ്പറഞ്ഞത്.

Read more

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം പ്രതിക്കൂട്ടിലാക്കി ശബരിമല വിഷയത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതികളെ പുറത്തിറങ്ങാന്‍ കുറ്റപത്രം മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എസ്.ഐ.ടി.യുടെ അന്വേഷണം ശരിയായ ദിശയില്‍ത്തന്നെയാണെന്ന ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. കട്ടിളപ്പാളി കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായ ജാമ്യം ലഭിച്ചേക്കും.