ഒരു കോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ സംഭവം; സിപിഎമ്മിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ഒരുകോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ സിപിഎം നല്‍കിയ ഹര്‍ജി തള്ളി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഇടപാട് ചട്ടലംഘനമെന്ന് കാട്ടിയാണ് ആദായനികുതി വകുപ്പ് പണം കണ്ടുകെട്ടിയത്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരുകോടി രൂപയായിരുന്നു ആദായനികുതി വകുപ്പ് പിടികൂടിയത്.

തിരഞ്ഞെടുപ്പകാലത്ത് പണമായി പാര്‍ട്ടി പിന്‍വലിച്ച തുക മരവിപ്പിച്ച അക്കൗണ്ടിലേക്ക് ഇടാനെത്തിയതോടെയായിരുന്നു പണം പിടിച്ചെടുത്തത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കവേയാണ് നടപടിയുണ്ടായത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് എടുത്ത തുകയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

പണം പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷം തുക തിരിച്ചിടാനായി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ബാങ്കിലെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു. ഇതിനെതിരെ തൃശൂര്‍ ജില്ല കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.