മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

മലയാള സിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം. അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പരാതിയുള്ളവര്‍ക്ക് മൊഴി നല്‍കാനുള്ള സാഹചര്യം ഒരുക്കിയിരുന്നുവെന്നും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന മുഴുവന്‍ കേസുകളിലെ അന്വേഷണം അവസാനിപ്പിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഇത്തരം വിഷയങ്ങളില്‍ മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതിയുടെ മറുപടി. എന്നാല്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് നല്‍കാന്‍ നോഡല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തുടരണമെന്നും കേടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.

Read more

ഓഗസ്റ്റ് മാസം ആദ്യം സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതില്‍ നിന്നുണ്ടാകുന്ന നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും സിനിമാ നയം രൂപീകരിക്കാനുള്ള കരട് തയാറാക്കുക. നിയമത്തിന്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.