സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടങ്ങള്‍ തുടരുന്നു ; കേരളതീരത്ത് ചുഴലിക്കാറ്റിന് സാധ്യത

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു . കന്യാകുമാരിക്കടുത്തുണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കന്യാകുമാരിക്കടുത്ത് ഉണ്ടായ ഓഖി എന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു. വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.  കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററാണ്.

തെക്കന്‍കേരളത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരക്കരയില്‍ പിഡബ്ലൂഡി കെട്ടിടം തകര്‍ന്നു
മരം വീണ് കൊല്ലം ചെങ്കോട്ട ദേശീയ പാത ഗതാഗതം തടസ്സപ്പെട്ടു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കലാവസ്ഥാ നിരീക്ഷകര്‍. തീരദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുനാമി പോലെയുള്ള ദുരിതങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. തെക്കന്‍ കേരളത്തിലുടനീളം ഇന്ന് രാവിലെ മുതല്‍ മുടിക്കെട്ടിയ അന്തരീക്ഷമാണ്.

ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്ക് 12നു ശേഷം തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.