സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഈ മൂന്ന് ജില്ലകൾക്ക് പുറമേ പാലക്കാടും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.







