പത്തനംതിട്ടയില്‍ കനത്ത മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കിഴക്കന്‍ വനമേഖലയിലും മഴ ശക്തമാണ്. വനമേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ കനക്കും.

വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.