തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി; കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീലില്‍ സെഷന്‍സ് കോടതി ഉത്തരവ് 12ന്

തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജിയില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീലില്‍ ഉത്തരവ് ഫെബ്രുവരി 12ന് കോടതി പുറപ്പെടുവിക്കും. വിദേശ പൗരനെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ആന്റണി രാജുവിനെതിരെയുള്ള കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.

കുറ്റക്കാരനെന്ന വിധിയും എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരുമെന്നതിനാല്‍ ഫെബ്രിവരി 12ലെ അപ്പീലിലെ കോടതി നിലപാട് ആന്റണി രാജുവിന് നിര്‍ണായകമാണ്. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവും കോടതി ജീവനക്കാരനുമായിരുന്ന ജോസും തൊണ്ടിമുതല്‍ തിരിമറിയില്‍ കുറ്റക്കാരെന്ന് കണ്ട് 35 വര്‍ഷം മുമ്പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതിനാല്‍ അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

നീതിന്യായവ്യവസ്ഥയെ തന്നെ കബളിപ്പിച്ച കേസില്‍ 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തൊണ്ടി മുതല്‍ കേസില്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞുപോയെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. ശിക്ഷ റദ്ദാക്കാനായി ആന്റണി രാജു സെഷന്‍സ് കോടതി സമീപിച്ചതിന് പിന്നാലെ ശിക്ഷ കുറഞ്ഞുപോയെന്ന് കാണിച്ച് അപ്പീലിന് പ്രോസിക്യൂഷനും ഒരുങ്ങുന്നുണ്ട്. നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ വിധിയില്‍ പോരായ്മകളുണ്ടെന്ന് വ്യക്തമാക്കി അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

Read more

നീതിന്യായ വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് മജിസ്‌ട്രേറ്റ് തന്നെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി തന്നെ കണ്ടെത്തി. നിയമമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതികള്‍ ചെയ്ത കുറ്റം നിസാരമായി കാണാനാവില്ലെന്നും മജിസ്‌ട്രേറ്റ് പറയുന്നു. ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റം കണ്ടെത്തിയിട്ടും കുറഞ്ഞ ശിക്ഷമാത്രമാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കീഴ് ക്കോടതി വിധിയില്‍ ഏറെ പോരായ്മകള്‍ ഉണ്ടെന്നും അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയും ഗൗരവും പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചില്ല എന്നാണ് പൊതുവായുണ്ടായ വിലയിരുത്തല്‍. അപ്പീല്‍ നല്‍കുന്നത് പരിഗണനയിലിരിക്കെയാണ് ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചത്.