മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചു, ഒരു ദിവസം ആ സ്വപ്‍നം നിറവേറ്റും: ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സ്വപ്‍നം കാണുന്നതിന്റെയും അതിനായി കഠിനമായി പരിശ്രമിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്വപ്‍നം കാണണം, കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ആഗ്രഹിച്ചിരുന്ന ഒരാൾ ആണ് ഞാൻ. എന്ന് വിചാരിച്ചു ഞാൻ ഈ പരിപാടി നിർത്തിയോ? ഞാൻ നിർത്തുന്നില്ല, ഞാൻ തുടരുകയാണ്. ഞാൻ അവസാനം വരെയും പോരാടും. ഒരു ദിവസം ഞാൻ ആ സ്വപ്‍നം കൈവരിക്കും. എന്നുള്ളതാണ് എന്റെ നിശ്ചയദാർഢ്യം. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ഇത് അവസാനിപ്പിക്കുമോ ഇല്ല. അതുകൊണ്ടു എല്ലാവരും സ്വപ്‌നം കാണണം. നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കണം, സ്വപ്‍നം കാണണം.” രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈകമാൻഡ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പുകളെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വി ഡി സതീശനെയും ഹൈകമാൻഡ് നിയമിച്ചു. തുടർന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വലിയരീതിയിൽ ഉള്ള ഭിന്നതകൾ രൂക്ഷമായി. കഴിഞ്ഞ ദിവസം പാർട്ടി ചുമതലകളിൽ നിന്നെല്ലാം ഒഴിഞ്ഞു കൊണ്ട് ചെന്നിത്തല തന്റെ പ്രതിഷേധം പരോക്ഷമായി വെളിപ്പെടുത്തിയിരുന്നു