പി.സി ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല; അവസാന തീരുമാനം തന്റേതെന്ന് കെ.വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം സംബന്ധിച്ച് പി.സി.ചാക്കോയുടെ പ്രസ്താവനയെ തള്ളുന്നുമില്ല കൊള്ളുന്നുമില്ലെന്ന് കെ വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതേ തുടര്‍ന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

പി.സി.ചാക്കോ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇത്തരം കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കുന്നത് താനാണെന്നും പറയേണ്ട കാര്യം കൃത്യസമയത്ത് പറയുമെന്നും കെ വി തോമസ് പറഞ്ഞു.

ഉമ തോമസുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയ ബന്ധവും വേറെയാണ്. വ്യക്തി ബന്ധത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്ന് പറയേണ്ട സമയമാണിത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. എല്‍.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 31നാണ് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉമാ തോമസാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഡ്വ കെ എസ് അരുണ്‍കുമാറിന്റെ പേര് പരിഗണനയിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.