ബാങ്കുകൾ റിക്കവറി നടപടികൾ നിർത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

ബാങ്കുകൾ റിക്കവറിക്ക് വേണ്ടിയുള‌ള നടപടി നിർത്തിവെയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടി വെയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് അതീവ ഗുരുതരമായ കോവിഡ് സാഹചര്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ നിലവിൽ ഓക്‌സിജൻ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ അത്ര ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണം എന്നാൽ ആവശ്യത്തിലധികം ഓക്‌സിജൻ സംഭരിച്ച് വെയ്‌ക്കരുത്. മതിയായ ഓക്‌സിജൻ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ കോവിഡ് രോഗികൾ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. മെഡിക്കൽ കൗൺസിൽ അടക്കമുള‌ള കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്നവർക്ക് താത്കാലിക രജിസ്‌ട്രേഷൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ വിദ്യാർത്ഥികളെ മെഡിക്കൽ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് ലോഡ്‌ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സി കൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും. കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്‌ളൈകോ തുടങ്ങിയ സംസ്ഥാന സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികളും, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് മൂന്നു മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.