മറ്റെന്നാള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നാളത്തേക്ക് മാറ്റി; ഇടുക്കിയില്‍ സമ്പൂര്‍ണ സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാളത്തേക്ക് മാറ്റി. മറ്റെന്നാള്‍ നടത്താനിരുന്ന ഹര്‍ത്താലാണ് നാളത്തേക്ക് മാറ്റിയത്. 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, 22/8/2019ലെ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണം തടയാനുള്ള ഉത്തരവ് റദ്ദ് ചെയുക, സിഎച്ച്ആറില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയ 19/11/2019 ലെ ഉത്തരവ് റദ്ദ് ചെയുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയുക, ജനവാസമേഖലകളെ ബഫര്‍സോണിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവി ശല്ല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകതകള്‍ പരിഹരിക്കുക, പിണറായി സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു അറിയിച്ചിട്ടുണ്ട്.

ഭൂനിയമവുമായി ബന്ധപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ശക്തമായി നടത്താന്‍ ഡിസിസി പ്രസിഡന്റിന്റെ നിര്‍ദേശം. മണ്ഡലം അടിസ്ഥാനത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്താനും നേതാക്കളും പ്രവര്‍ത്തകരും സജീവമാകാനും ഡിസിസി പ്രസിഡന്റ് സിപി മാത്യു നിര്‍ദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, ഭൂപതിവ് നിയമങ്ങള്‍ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ നടത്തും .