സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, അമ്പത് ദിവസമായിട്ടും നടപടി എടുക്കാത്തതിനാലാണ് വനിതാ കമ്മീഷനെ സമീപിച്ചത്; നേതൃത്വത്തിന് എതിരെ മുൻ ഹരിത നേതാക്കൾ

മുസ്ലിം ലീഗ്, എം.എസ്.എഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ‘ഹരിത’  നേതാക്കൾ. ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായെന്നും രൂക്ഷമായ സൈബർ ആക്രമണമാണ് തങ്ങൾക്കെതിരെ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ‘ഹരിത’ മുൻ നേതാക്കൾ ഇക്കാര്യം ഉന്നയിച്ചത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസ് തങ്ങളെ അപമാനിച്ചു. വേശ്യയ്ക്കും ന്യായീകരണം ഉണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞത്.  ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. അമ്പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

ഒരു സൈബർ ക്രിമിനലാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്നാണ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ എം.എസ്.എഫ് പ്രസിഡൻറ് പറഞ്ഞത്. ഹരിത നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വരെ ഇദ്ദേഹമാണ് നിർമ്മിക്കുന്നത്, ഞങ്ങൾ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വരെ അദ്ദേഹത്തിൻെറ കൈയിലുണ്ട് എന്നെല്ലാം പറഞ്ഞു. ഇതെല്ലാം കേട്ട് ഞങ്ങൾക്ക് പ്രതികരിക്കാതിരിക്കാനായില്ല -നജ്മ തബ്ഷീറ പറഞ്ഞു.

വായനയിലൂടെയും ഇടപെടലിലൂടെയും ഞങ്ങൾ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കാപിറ്റലിനെ റദ്ദ് ചെയ്തുകൊണ്ട് ആരോ പറയുന്ന വാക്കുകൾക്ക് ചാടിക്കളിക്കുന്ന കുരങ്ങൻമാരായി ഞങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

 ഹരിതയുടെ പെൺകുട്ടികൾ പ്രസവിക്കാൻ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കൾ പറഞ്ഞു നടന്നു. സൈബർ ഗുണ്ടയുടെ കൈയിൽ ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞു.  ഹരിത നേതാക്കള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പ്രചരിപ്പിച്ചു. തങ്ങളുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനം റദ്ദു ചെയ്യുന്ന രീതിയില്‍, അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പരാമര്‍ശമായി കണക്കാട്ടിയിട്ടു തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന് അഞ്ചുപേജുള്ള പരാതി നല്‍കിയത്

കേൾക്കാൻ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഞങ്ങളുടെ അഭ്യർത്ഥന. ഈ വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം സമീപിച്ചു. പാർട്ടിയെ തങ്ങളുടെ പ്രശ്നങ്ങൾ ബോദ്ധ്യപ്പെടുത്തി. എന്നാൽ നേതൃത്വത്തിൽ നിന്ന് തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും ഹരിത മുന്‍ നേതാക്കള്‍ വ്യക്തമാക്കി.