ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യതയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്; ഉത്തരവില്ലെന്ന് വിവരവകാശ രേഖ; വിവാദം

രിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാധ്യതയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍. ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടത് ബാധ്യതയല്ലെന്നുള്ള വിവരവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ഇങ്ങനെ ഒരു സര്‍ക്കുലര്‍ തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ട് ഇറക്കുന്നത്. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്രമാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്. ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു. ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മസേനയ്ക്ക് നല്‍കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണെന്ന് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ യൂസര്‍ഫീ നിര്‍ബന്ധമാക്കത്തക്ക നടപടികള്‍ തദ്ദേശ സ്ഥാപനം വഴി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നല്‍കേണ്ടുന്ന ഏതെങ്കിലും തുക നല്‍കാതിരുന്നാല്‍ അത് നല്‍കിയതിനു ശേഷം മാത്രം ലൈസന്‍സ് പോലുള്ള സേവനം കൊടുത്താല്‍ മതി എന്നുള്ള തീരുമാനമെടുക്കാന്‍ അതത് പഞ്ചായത്തിനും നഗരസഭയ്ക്കും കേരള പഞ്ചായത്ത് മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ അധികാരം നല്‍കുന്നുണ്ടെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ന്യായീകരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്കു കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000/ രൂപ മുതല്‍ 50000/ രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. എന്നാല, പത്രമാധ്യമങ്ങള്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് നിയമവിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍, ഇങ്ങനെ ഒരു നിയമം ഇല്ലെന്നാണ് ആലപ്പുഴ, ആശ്രമം വാര്‍ഡില്‍ താമസിക്കുന്ന ഡി ധനേഷ് നല്‍കിയ വിവരവകാശത്തിന് ആലപ്പുഴ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഉത്തരം നല്‍കിയിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഏത് സേവനങ്ങള്‍ക്കുമുള്ള അപേക്ഷയോടൊപ്പം ഹരിതകര്‍മ സേന അംഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് ശേഖരണത്തിന് ലഭിക്കുന്ന രസീതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ ഇല്ലന്നാണ് വിവരവകാശത്തില്‍ വ്യക്തമാക്കുന്നത്.