ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോ​ഗി മരിച്ചെന്ന ശബ്ദരേഖ: മെഡിക്കൽ കോളജിന്റെ വാദങ്ങൾ തള്ളി ഹാരിസിന്റെ കുടുംബം, പൊലീസ് ഇന്ന് മൊഴിയെടുക്കും

കളമശേരി മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇന്ന് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കളുടെയും മെഡിക്കൽ കോളജ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുക. നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ശരിവെച്ച ജൂനിയർ ഡോക്ടർ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് ഹൃദയസ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്.

മെഡിക്കൽ കോളജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്തെത്തി. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവിൽ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ്  മരണമുണ്ടായത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

അതേസമയം ശബ്ദസന്ദേശത്തിൽ പറയുന്ന നഴ്സിംഗ് ഓഫീസർ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ആർഎംഒ ഡോ. ​ഗണേഷ് മോഹൻ ‌വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടർ നജ്മയിൽ നിന്നും ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.

സംഭവത്തിൽ മെഡിക്കൽ കോളജ്‌ അധികൃതരെ പിന്തുണച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി. മെഡിക്കൽ കോളജിനെ തകർക്കാൻ ഉള്ള ഗൂഢലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് വിമർശിച്ചത്.