നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ ഉദ്യോഗസ്ഥനായ എസ്. സന്ദീപ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിക്കുന്ന പ്രധാന വാദം. Z+ സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന കൃത്യനിർവഹണം മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു. രാവിലെ 11 മണിയോടെയാകും കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കുക.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് പരാതിക്കാരുടേയും ദൃക്സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.







