പ്രവാസികള്‍ക്കായി ഡിജിറ്റല്‍ എഡിഷനുമായി സിപിഎം മുഖപത്രം; 'ഗള്‍ഫ് ദേശാഭിമാനി' മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

ഗള്‍ഫ് ഡിജിറ്റല്‍ എഡിഷനുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. ‘ഗള്‍ഫ് ദേശാഭിമാനി’ എന്ന പേരില്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ പതിപ്പ് പത്രം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും ഗള്‍ഫ് നാടുകളിലെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി ഇ- പേപ്പറായാണ് പ്രസിദ്ധീകരിക്കുന്നത്.

ആഴ്ചയില്‍ ആറുദിവസം രണ്ട് പേജായാണ് ‘ഗള്‍ഫ് ദേശാഭിമാനി’ പ്രസിദ്ധീകരിക്കുക. പ്രവാസികളുമായി ബന്ധപ്പെട്ട കേരളത്തില്‍നിന്നുള്ള വാര്‍ത്തകള്‍ക്കും ഇടം നല്‍കും. പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും ഗള്‍ഫ് ദേശാഭിമാനി’യുടെ ഭാഗമാകും.

ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ വൈകീട്ട് ഏഴരക്ക് നടക്കുന്ന പ്രകാശന ചടങ്ങില്‍ ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനാകും. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്‍, ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് ഉദ്ഘാടന ചടങ്ങ് ഫേസ്ബുക്ക് ലൈവിലൂടെ ഓണ്‍ലൈനായി വീക്ഷിക്കാനാകുമെന്ന് ദേശാഭിമാനി അറിയിച്ചു. നിലവില്‍ കേരളത്തില്‍ പത്ത് എഡിഷനുകളിലാണ് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നു.